By MV Muhammad Saleem Moulavi
29 November 2022
ആയിശ (റ): ജനനം AD
606 ; മരണം: AD
678
പിതാവ്: അബൂബക്കർ അബ്ദുല്ലാ ബിൻ അബീഖുഹാഫ (റ ) മാതാവ് ഉമ്മു റൂമാൻ
പ്രവാചക ഗേഹത്തിൽ ഒമ്പത് വർഷം. 2210 ഹദീസുകൾ നിവേദനം ചെയ്തു. ഇതിൽ 316 ഹദീസുകൾ ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്തവയാണ്.
തിരുമേനിയെ വിവാഹം കഴിക്കുന്നു
ക്രി. 620 ൽ നബി തിരുമേനിയെ വിവാഹം ചെയ്യുന്നു. വിവാഹം പതിനഞ്ചാം വയസ്സിൽ . മധുവിധു : പതിനെട്ടാം വയസ്സിൽ. (അൽ കാമിൽ, താരീഖു ദിമശ്ഖ്, സിയറു അഉലാമിന്നുബലാഇ, താരീഖുത്തബരി , അൽബിദായ വന്നിഹായ, താരീഖു ബഗ്ദാദ് , വഫയാത്തുൽ അഇയാൻ മുതലായ മുഖ്യ ചരിത്രഗ്രന്ഥങ്ങൾ, ആധികാരിക നബിചരിതം എന്നിവ അവലംബം).
ഇസ്ലാമിനെ കുറിച്ച് ഏറ്റവും നന്നായി അറിയുന്ന മഹത് വ്യക്തിത്വമായിരുന്നു. പരിശുദ്ധ ഖുർആനിൻറെ വ്യാഖ്യാനം നബിചരിതം കർമശാസ്ത്രം എന്നിവയിൽ അവർ തിരുമേനിയുടെ അനുചരന്മാർക്ക് അഭിപ്രായം തേടാനുള്ള അവലംബം.
ഉമർ (റ) സ്ത്രീകളുമായി ബന്ധപ്പെട്ട മതനിയമങ്ങളും തിരുമേനിയുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഗ്രഹിക്കാൻ ആയിശയുടെ അടുത്തേക്കാണ് ആളുകളെ അയച്ചിരുന്നത്. ഈ വിഷയങ്ങളിൽ ഒന്നും അവരോട് കിടപിടിക്കുന്ന മറ്റാരും ഉണ്ടായിരുന്നില്ല.
സുഹരി അഭിപ്രായപ്പെട്ടു: ആയിശയുടെ വിജ്ഞാനം മുഴുവൻ സ്ത്രീകളുടെയും വിജ്ഞാനത്തെ കവിഞ്ഞു നിൽക്കുന്നതായിരുന്നു.
ഹാകിം തൻ്റെ മുസ്തദ്റകിൽ പറയുന്നു: ഹലാലും ഹറാമും വിശദമായി അറിയുന്ന അറബി ഭാഷാ പാണ്ഡിത്യത്തിൽ മികച്ചു നിൽക്കുന്ന, രോഗ ചികിത്സ ഔഷധങ്ങൾ എന്നിവയിൽ വ്യുൽപത്തിയുള്ള മഹദ് വ്യക്തിത്വമായിരുന്നു ഉമ്മുൽ മുഅ്മിനീൻ ആയിശ ( റ ).
അബൂമൂസൽ അശ്അരി പറയുന്നു: ഞങ്ങൾ പ്രവാചക ശിഷ്യൻമാർ എന്ത് സംശയത്തിൽ അകപ്പെട്ടാലും ആയിശയോട് ചോദിച്ചാൽ വ്യക്തമായ മറുപടി ലഭിക്കുമായിരുന്നു.
സ്വാധി ആയിശയെ കുറിച്ച് അപവാദം പ്രചരിച്ചപ്പോൾ അല്ലാഹു ദിവ്യ ബോധനത്തിലൂടെ നിജസ്ഥിതി വിവരിച്ചുകൊണ്ട് അവരുടെ പവിത്രത സ്ഥാപിച്ചു. ഇതാണ് അവരുടെ ഏറ്റവും വലിയ മഹിമയായി എടുത്തോതേണ്ടത്.
മുസ്ലിംകൾക്ക് ജീവിതകാലത്ത് എല്ലാ മേഖലയിലും നേതൃത്വം നൽകിയ മഹനീയ മാതൃകയായിരുന്നു ആയിശയുടെ ജീവിതം. വൈജ്ഞാനിക രംഗത്ത് എന്നപോലെ കർമ്മരംഗത്തും ആ നിസ്തുല വ്യക്തിത്വം തിളങ്ങി നിന്നു.
സംഭവബഹുലമായ ആ ജീവിതത്തിന് തിരശ്ശീല വീണത് AD
678, ഹി 58 വർഷം വിശുദ്ധ റമദാൻ പതിനേഴാം തിയ്യതി. അന്നവർക്ക് ഏതാണ്ട് 73 വയസ്സ് പ്രായമായിരുന്നു.
ഈ പഠനത്തിന്റെ വിശദീകരണം
വിജ്ഞാന കുതുകികള്‍ ഗവേഷണ പഠനം നടത്തി മുസ്‌ലിം സമൂഹത്തില്‍ പ്രചരിച്ചുവരുന്ന പല ധാരണകളും തിരുത്തി നിജസ്ഥിതി കണ്ടെത്തേണ്ടതുണ്ട്. ഇങ്ങനെ പുനര്‍വിചിന്തനം നടത്തി , അനിവാര്യമായും തിരുത്തേണ്ട ഒരു ധാരണയാണ് ഇവിടെ ചര്‍ച്ചക്കെടുക്കുന്നത്. പ്രഗൽഭരായ അനേകം പണ്ഡിതന്മാർ ചർച്ച ചെയ്ത് പൊതു ധാരണ തിരുത്താൻ നിർദ്ദേശിച്ച കാലിക പ്രാധാന്യമുള്ള ഒരു വിഷയം. അബ്ബാസ് മഹ്മൂദ് അൽ അഖാദ്, ഡോക്ടർ ഹുസൈൻ മൂനിസും ഒരു സംഘം ചരിത്ര കാരൻമാരും , സലാഹുദ്ദിൻ അഹ്മദ് അൽ ഇദ് ലിബി, അല്ലാമ കാന്തഹ് ലവി, തുടങ്ങി അനേകം ഗവേഷകർ അവലംബമാക്കിയ തെളിവുകളിലൂടെ നമുക്ക് കടന്നു പോകാം.
ഇതര മേഖലകളിലെന്നപോലെ മുഹമ്മദ് നബി(സ)യുടെ കുടുംബ ജീവിതവും മാനവ രാശിക്കാകമാനം മാതൃകയാണ്. അത് വിവിധ കോണുകളിലൂടെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ബഹുഭാര്യാസമ്പ്രദായം നിലവിലുള്ള ഒരു സമൂഹമായിരുന്നു നബിയുടെ ആദ്യ പ്രബോധിതര്‍. ആ സമ്പ്രദായത്തിനു വ്യത്യസ്തമായ ലക്ഷ്യവും മാനവും പരിഗണനയും ഉള്ളതാക്കി മാറ്റാനാണ് നബി തിരുമേനി പഠിപ്പിച്ചത്.
ശൈശവ വിവാഹമോ?
ഇവിടെ ഒരു കാര്യം പ്രത്യേകം പരാമൃഷ്ടമാണ്. ഒരു ചക്രവർത്തിയുടെയോ സാമൂഹ്യ - രാഷ്ട്രീയ നേതാവിന്റെയോ ഗോത്രത്തലവന്റെയോ വിവാഹത്തിന്റെ കാര്യത്തിൽ അവരുടെ ശൈശവ വിവാഹം ലോകം ചർച്ചക്കെടുക്കുകയില്ല. അവരുടെ കാലത്ത് സർവ്വാംഗീകൃതമായ ഒരു രീതിയായിരുന്നു അതെന്നേ മാലോകർ പറയുകയുള്ളൂ . ഇവിടെ കഥാപുരുഷൻ ലോകാവസാനം വരെ മാനവകുലത്തിന് മാതൃകയായ പ്രവാചകനാണ്. അദ്ദേഹത്തിനു ശേഷം മനുഷ്യരാശിക്ക് ദിവ്യ ബോധനത്തിന്റെ അടിസ്ഥാനത്തിൽ മാർഗ്ഗദർശനം നൽകാൻ മറ്റൊരു പ്രവാചകനും വരികയില്ല. ഭൂനിവാസികൾക്ക് വാനലോകവുമായുള്ള ബന്ധം നബി തിരുമേനിയിലൂടെ ലഭിച്ച പരിശുദ്ധ ഖുർആനോടുകൂടി അവസാനിച്ചു. ഖുർആനിന്റെ സ്വീകർത്താവും വ്യാഖ്യാതാവും ആണ് നബി തിരുമേനി. അതിനാൽ അദ്ദേഹത്തിൻ്റെ ജീവിത മാതൃക മറ്റുള്ളവരിൽ നിന്നെല്ലാം വ്യത്യസ്തവും ഉന്നതവും ആയിരിക്കേണ്ടത് അനിവാര്യമാണ്.
ഇക്കാരണത്താൽ പ്രവാചകന്റെ പേരിൽ പ്രചരിച്ചിട്ടുള്ള ശൈശവ വിവാഹ കഥ ന്യായീകരിക്കാൻ ഇതര നേതാക്കളുടെ ഉദാഹരണങ്ങൾ എടുത്ത് പറയുന്നത് ശരിയായ രീതിയല്ല. സ്ത്രീകൾക്ക് ലോകാവസാനം വരെ നിലനിൽക്കേണ്ട അവകാശവും സ്ഥാനവും നിർണയിക്കുകയും അത് മാതൃകാ ജീവിതത്തിലൂടെ ലോകത്തിന് പഠിപ്പിക്കുകയും ചെയ്ത മഹാനുഭാവനാണ് തിരുമേനി. അവിടുത്തെ ശിക്ഷണങ്ങൾ എല്ലാറ്റിനേയും മികച്ചുനിൽക്കുന്നതാവണം എന്നത് നാം വിസ്മരിക്കാൻ പാടില്ല.
തിരുമേനിയുടെ മറ്റെല്ലാ വിവാഹങ്ങളും ഈ പരിഗണനകൾ മുന്നിൽ വെച്ചുകൊണ്ട് വിലയിരുത്തുകയാണെങ്കിൽ മാതൃകാപരമാണെന്ന് പറയാൻ നമുക്ക് സാധിക്കും. എന്നാൽ ഒരൊറ്റ വിവാഹത്തിൽ എല്ലാ തത്വങ്ങളും അവഗണിച്ചുകൊണ്ട് പരിശുദ്ധ ഖുർആനിനോടോ തിരുവചനങ്ങളോടോ നിരക്കാത്ത നിലപാട് ഒരിക്കലും തിരുമേനി സ്വീകരിക്കാൻ സാധ്യതയില്ല.
മനുഷ്യനിർമ്മിത പ്രത്യയശാസ്ത്രങ്ങളെല്ലാം പരീക്ഷിച്ച് നിരാശപ്പെട്ട ലോകത്തിന് ഇസ്ലാമിന്റെ മാർഗ്ഗദർശനം ഏറ്റവും അനിവാര്യമായ ഒരു കാലഘട്ടത്തിൽ തിരുദൂതരുടെ മാതൃകാ ജീവിതത്തെ ചോദ്യം ചെയ്യാനും അപകീർത്തിപ്പെടുത്താനും ഉതകുന്ന ഒരു സംഭവം തിരുമേനിയുടെ ജീവിതത്തിൽ ഉണ്ടായി എന്ന് അനുയായികൾ തന്നെ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ദുഃഖകരമാണ്.
ഈ വസ്തുതകൾ മുമ്പിൽവെച്ച് വേണം നാം ഇവിടെ നടത്തുന്ന ഗവേഷണത്തെ വിലയിരുത്താൻ. വളരെക്കാലം ഒരു ധാരണ തിരുത്താതെ നിന്നു എന്നതുകൊണ്ട് അത് സത്യമാകുന്നില്ല , വിശ്വാസികൾ നന്മ എവിടെ എപ്പോൾ കണ്ടാലും അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യണം, അസത്യത്തിനും അനാചാരത്തിനും അംഗീകാരം നൽകാൻ ഒരു വിശ്വാസി ഒരിക്കലും സന്നദ്ധനാവരുത്.
ലോകത്ത് പൊതുവേ ശൈശവ വിവാഹം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ആധുനിക യുഗത്തിൽ പോലും ധാരാളം ശൈശവ വിവാഹങ്ങൾ നടക്കുന്നു. ഇത് നിലനിർത്താനും അംഗീകരിച്ചു കൊടുക്കാനുമല്ല ഇസ്ലാം പഠിപ്പിക്കുന്നത്. സ്ത്രീയുടെ അവകാശ ലംഘനമായ ഈ ആചാരം അവസാനിപ്പിച്ച് സ്വന്തം ഇണയെ സ്വേഛ പ്രകാരം സ്വീകരിക്കാൻ സ്ത്രീയെ പഠിപ്പിച്ച ഇസ്ലാമിന്റെ അനുയായികൾ വീണ്ടും രക്ഷിതാക്കൾക്ക് അമിതമായ സ്വാതന്ത്ര്യം നൽകിക്കൊണ്ട് സ്ത്രീയുടെ അവകാശം കവർന്നെടുക്കാൻ പാടില്ല. അതിനാൽ വളരെ പ്രാധാന്യത്തോടെയാണ് ഈ ചർച്ചയും വിശദീകരണങ്ങളും പഠിക്കുകയും പരിശോധിക്കുകയും അഭിപ്രായം രൂപീകരിക്കുകയും ചെയ്യേണ്ടതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു.
നബി തിരുമേനിയുടെ വൈവാഹിക ജീവിതത്തിന്റെ ആരംഭം മുതൽ നമുക്ക് പരിശോധിക്കാം. പിന്നീട് ജീവിതാന്ത്യം വരെ തിരുമേനി സ്വീകരിച്ച രീതിയും മനസ്സിലാക്കാം. അതിന്റെ വെളിച്ചത്തിലാണ് നാം ഈ ഒരു പ്രത്യേക സംഭവത്തെ വിലയിരുത്തേണ്ടത്. തൻ്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സിലാണ് നബി തിരുമേനി വൈവാഹിക ജീവിതം ആരംഭിക്കുന്നത്. തന്നെക്കാൾ കൂടുതൽ15 വയസ്സ് പ്രായമുള്ള ഒരു തരുണീയെയാണ് അവിടുന്ന് ആദ്യ ഭാര്യയായി സ്വീകരിക്കുന്നത്. തിരുമേനിക്ക് 50 വയസ്സാകുന്നത് വരെ ആ ദാമ്പത്യ ബന്ധം തുടർന്നു. ഇസ്ലാമിക പ്രബോധന രംഗത്ത് സർവ്വ പിന്തുണയും നൽകി സഹായിച്ച സഹധർമ്മിണിയായ ഖദീജ(റ ) മരിക്കുവോളം മറ്റൊരു വിവാഹത്തെക്കുറിച്ച് തിരുമേനി ചിന്തിച്ചിട്ടില്ല. എന്നാൽ അവരുടെ വിയോഗാനന്തരം ഇസ്ലാമിക പ്രബോധനത്തിന്റെ ഭാഗമായി പിന്നീട് തിരുമേനി ബഹുഭാര്യാത്വം സ്വീകരിക്കുന്നു. ഇഹലോക വാസം വെടിയുമ്പോള്‍ നബിതിരുമേനിക്ക് ഒന്‍പത് പത്‌നിമാരുണ്ടായിരുന്നു. ഈ വലിയ കുടുംബം പ്രവാചക ദൗത്യത്തിന്റെ നിര്‍വഹണത്തില്‍ സുപ്രധാന പങ്കുവഹിച്ചു. സമൂഹത്തിന്റെ പാതിയും, പ്രമുഖ ഘടകവുമായ സ്ത്രീയുമായും കുടുംബവുമായും ബന്ധപ്പെട്ട ദൈവിക മാര്‍ഗ നിര്‍ദേശങ്ങള്‍ ഈ കുടുംബത്തിലൂടെയാണ് പഠിപ്പിക്കപ്പെട്ടത്. കുടുംബ ജീവിതത്തില്‍ എക്കാലത്തും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടാന്‍ പറ്റിയ മഹനീയ മാതൃകയാണ് നബി കുടുംബം കാഴ്ചവെച്ചത്. ഈ ദൗത്യ നിർവഹണത്തിൽ സുപ്രധാന പങ്ക് വഹിച്ച മഹതിയാണ് ഉമ്മുൽ മുഉമിനീൻ ആയിശ (റ).
നബി(സ)യുടെ ഭാര്യമാരില്‍ ഒരൊറ്റ കന്യക മാത്രമേ ഉണ്ടായിട്ടുള്ളു. ബാക്കിയെല്ലാം വിധവകളോ വിവാഹ മോചിതകളോ ആയിരുന്നു. ഉറ്റ മിത്രവും ഏറ്റവും അടുത്ത അനുയായിയുമായ അബൂബക്‌റിന്റെ ഇളയ മകള്‍ ആഇശയാണ് നബി വിവാഹം കഴിച്ച ഏക കന്യക. ഇവരെയാണ് ശൈശവത്തിൽ നബി (സ) കല്യാണം കഴിച്ചതെന്ന് പൊതുവെ വിശ്വസിച്ചു പോരുന്നത്. തിരുമേനിയുടെ വിമര്‍ശകര്‍ക്ക് വളം വെക്കുന്ന ഈ ധാരണയാണ് മുസ്‌ലിംകളും വെച്ചു പുലര്‍ത്തുന്നത്. ആ വിവാഹത്തിന്റെ കഥ നമുക്ക് വിശദമായി പരിശോധിക്കാം.
നബിക്ക് അന്‍പത് വയസ്സുള്ളപ്പോല്‍ ഖദീജ(റ) ഇഹലോക വാസം വെടിഞ്ഞു. തന്റെ മക്കളുടെ മാതാവാണ് മരിച്ചത്. മക്കളെ സംരക്ഷിക്കാനും വീടു പരിപാലിക്കാനും ഒരു കുടുംബിനി അനിവാര്യമായി. അനുയായികള്‍ നബിയുടെ സാഹചര്യം കണ്ടറിഞ്ഞ് ഒരു വിവാഹം കഴിക്കാൻ പ്രേരിപ്പിക്കാനായി ഖൗല ബിന്‍ത് ഹകീമിനെ നബിയുടെ അടുത്തേക്ക് അയച്ചു.
''ഒരു വിവാഹം കഴിക്കണ്ടേ?'' ഖൗല നബിയോടു ചോദിച്ചു. ''ആരെ?'' നബി അന്വേഷിച്ചു. 'കന്യകയോ കുമാരിയോ?' എന്ന് അവര്‍. ''ആരാണ് കന്യക?'' നബി തിരുമേനി. ''അങ്ങയുടെ ഉറ്റ സുഹൃത്തിന്റെ മകള്‍ ആഇശ''- ഖൗല പറഞ്ഞു. ''കുമാരിയോ?'' നബി വീണ്ടും. ''സൗദ ബിന്‍ത് സംഅ.'' കടുംബ ഭരണത്തിന് ആഇശ ചെറുപ്പമാണെന്ന് സൂചിപ്പിച്ച് നബി(സ) സൗദയെ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. (തബറാനി, ഹാകിം, ഇബ്നു അബീ ആസിം എന്നിവർ ആയിശയിൽ നിന്ന് നിവേദനം).
അന്ന് അഞ്ചു കുട്ടികളുടെ മാതാവായിരുന്ന സൗദ(റ)ക്ക് 55 വയസ്സായിരുന്നു. തിരുമേനിക്ക് അമ്പത് വയസ്സും. പുരുഷന്മാര്‍ക്ക് താല്‍പര്യം ജനിപ്പിക്കാനാവാത്ത പ്രായത്തിൽ തന്നെയും കുട്ടികളെയും പോറ്റുന്നത് നബിക്ക് പ്രയാസമാവില്ലേ എന്ന സംശയം അവർ ഉന്നയിക്കാതിരുന്നില്ല. എന്നാൽ പ്രവാചക പത്നി എന്ന മഹനീയ സ്ഥാനം ഏതൊരു വിശ്വാസിനിയും കൊതിക്കുന്നതാണല്ലോ! ഇതിനുശേഷമാണ് നബി(സ) തൻറെ മൂന്നാമത്തെ ഭാര്യയായ ആഇശ(റ)യെ വിവാഹം ചെയ്യുന്നത്. സൗദ( റ) എല്ലാ തലങ്ങളിലും ആയിശയെ സഹായിച്ചു കൊണ്ടിരുന്നു. .
നബിക്ക് വേണ്ടി വിവാഹാലോചനയുമായി ചെന്ന ഖൗല(റ)യോട് ആഇശയുടെ മാതാവ് പറഞ്ഞു: അബൂബക്‌റി(റ)ന്റെ അടുത്ത സുഹൃത്ത് മുത്ഇം ബിന്‍ അദിയ്യ് മകന്‍ ജുബൈറിനു വേണ്ടി ആഇശയെ അന്വേഷിച്ചിരുന്നു. മുത്ഇമിന്റെ ആവശ്യം അബൂബക്ര്‍ തള്ളാറില്ല. അദ്ദേഹത്തിന്റെ അഭിപ്രായം അറിഞ്ഞശേഷം മറുപടി പറയാം.
അബൂബക്ര്‍(റ) മുത്ഇമിനെ കാണാന്‍ ചെന്നപ്പോള്‍ അയാളുടെ ഭാര്യ ചോദിച്ചു: ''ഞങ്ങളുടെ മകനെയും പുത്തന്‍ മതത്തില്‍ ചേര്‍ക്കാനാണോ ഈ കല്യാണം?'' ഈ വിയോജിപ്പ് മുത്ഇമിന്റെ മനസ്സിലുമുണ്ടെന്ന് അറിഞ്ഞ ശേഷമാണ് നബി തിരുമേനിക്ക് മകളെ വിവാഹം ചെയ്തു കൊടുക്കാന്‍ അബൂബക്ര്‍ സന്നദ്ധനായത്.
ആദ്യമായി ഒരു കന്യകയെ കല്യാണം കഴിക്കുന്ന അമിതമായ ഒരാവേശവും നബിതിരുമേനി കാണിച്ചില്ല. നികാഹ് കഴിഞ്ഞ് പിന്നെയും നീണ്ട മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആഇശ(റ)യുമായി നബി ശാരീരിക ബന്ധം പുലര്‍ത്തുന്നത്. ആഇശ(റ)യുമായി ബന്ധപ്പെടുമ്പോള്‍ നബിക്ക് ഏതാണ്ട് 54 വയസ്സായിരുന്നു.
ഒരു രാഷ്ട്രത്തിന്റെ സാരഥിയും വിശ്വാസികളുടെ കണ്ണിലുണ്ണിയുമായ പ്രവാചകന് ആഗ്രഹിക്കുന്നതെന്തും സാധിച്ചു കൊടുക്കാന്‍ സന്നദ്ധരായ അനേകം അനുയായികളുണ്ടായിരുന്നു. അവരോടൊന്ന് സൂചിപ്പിക്കേണ്ട താമസം ഏതു സുന്ദരിയായ കന്യകയെയും നബിക്ക് പാണിഗ്രഹണം ചെയ്തുകൊടുക്കാന്‍ അവരെല്ലാം അഹമഹമികയാ മുന്നോട്ടുവരുമായിരുന്നു. അതൊന്നുമല്ലല്ലോ സംഭവിച്ചത്. വിധവകളെയും വിവാഹ മോചിതകളെയുമാണ് നബി പിന്നെയും വിവാഹം ചെയ്തത്.
പത്‌നി ഖദീജക്ക് അന്‍പത്തി അഞ്ച് വയസ്സുള്ളപ്പോഴാണ് നബിക്ക് ദിവ്യബോധനം ഉണ്ടായത്. പിന്നെയും ഒരു വര്‍ഷം കഴിഞ്ഞ് നബിയെ പുതിയ പ്രസ്ഥാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഖുറൈശികള്‍ ഒരു ഫോര്‍മുലയുമായി മുന്നോട്ടുവന്നു. "അറേബ്യയിലെ ഏറ്റവും സുന്ദരിയായ തരുണിയെ നബിക്ക് വിവാഹം ചെയ്തു കൊടുക്കാം, ഈ പുതിയ മതപ്രചാരണം നിര്‍ത്തിയാല്‍ മാത്രം മതി" എന്നായിരുന്നു ഫോര്‍മുലയിലെ പ്രധാന ഇനം. ഇതുപറഞ്ഞ പിതൃവ്യനോട് നബി: ''പ്രിയ പിതൃവ്യാ, അവര്‍ സൂര്യനെ എന്റെ വലത്തെ കൈയിലും, ചന്ദ്രനെ ഇടത്തെ കൈയിലും വെച്ചുതന്നാല്‍ പോലും ഞാന്‍ ഈ ദൗത്യത്തില്‍ നിന്ന് പിന്തിരിയുകയില്ല.''
ആഇശ തന്നെ പറയുന്നതായാണ് കഥ: ''എന്നെ റസൂല്‍(സ) വിവാഹം കഴിക്കുമ്പോള്‍ എനിക്ക് ആറു വയസ്സായിരുന്നു. ഒന്‍പത് വയസ്സുള്ളപ്പോള്‍ വീട്ടില്‍ കൂടി. അന്‍സ്വാരി സ്ത്രീകള്‍ എന്നെ മധുവിധുവിധുവിന് ഒരുക്കുമ്പോള്‍ ഞാന്‍ പനി പിടിച്ച് മുടികൊഴിഞ്ഞ് ആരോഗ്യം ക്ഷയിച്ച അവസ്ഥയിലായിരുന്നു.'' ഹദീസുകളില്‍ വന്നതിന്റെ രത്‌നച്ചുരുക്കമാണിത്. ആഇശക്ക് പതിനെട്ട് വയസ്സുള്ളപ്പോള്‍ നബി നിര്യാതനായെന്നും ശേഷിച്ച കാലം അവര്‍ വിധവയായി കഴിച്ചുകൂട്ടിയെന്നും കഥയുടെ ബാക്കി.
ഈ കഥ യാഥാര്‍ഥ്യമാണെന്ന് ധരിക്കാനും പ്രചരിക്കാനും പല കാരണങ്ങളുമുണ്ട്. പ്രബലമായ ഹദീസുകൾ മാത്രം ക്രോഡീകരിക്കാൻ ശ്രദ്ധിച്ച ബുഖാരിയിലും മുസ്ലിമിലും ഇത് സ്ഥാനം പിടിച്ചിരിക്കുന്നു. അനേകം പരമ്പരകളിലൂടെ പല ഗ്രന്ഥങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇതിന് പുറമെ അറേബ്യയില്‍ അന്ന് ശൈശവ വിവാഹം വിപുലമായി നടന്നിരുന്നു. ഇണകള്‍ തമ്മിലുള്ള പ്രായ വ്യത്യാസം ആര്‍ക്കും പ്രശ്‌നമായിരുന്നില്ല. ഉറ്റ സുഹൃത്തുക്കള്‍ ബന്ധം ഊട്ടിയുറപ്പിക്കാന്‍ വിവാഹ ബന്ധത്തെ ഉപയോഗപ്പെടുത്തുക സാധാരണമായിരുന്നു.
ഇസ്ലാമും ശൈശവ വിവാഹവും
ശൈശവ വിവാഹം ഇസ്‌ലാം അംഗീകരിക്കുന്നുവെന്നതിനുള്ള തെളിവായി ഈ വിവാഹം ഉദ്ധരിക്കപ്പെടാറുള്ളത്. ഉപോൽബലക തെളിവായി ഒരു ഖുർആൻ സൂക്തത്തിന്റെ വ്യാഖ്യാനവും പ്രയോജനപ്പെടുത്തുന്നു . സൂറത്തുത്തലാക്ക് നാലാമത്തെ ആയത്തിൽ ഇങ്ങനെ കാണാം: നിങ്ങളുടെ സ്ത്രീകളിൽ ആർത്തവം നിലച്ചവരുടെ കാത്തിരിപ്പ് കാലത്തിൽ നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ അറിയുക: അവരുടെ ഇദ്ദാകാലം മൂന്നുമാസമാണ്. ആർത്തവം ഉണ്ടായിട്ടില്ലാത്തവരുടെതും ഇതുതന്നെ.
ആർത്തവം ഉണ്ടായിട്ടില്ല എന്ന ഖുർആനിക പ്രയോഗം ചെറിയ പെൺകുട്ടികളെയാണ് സൂചിപ്പിക്കുന്നതെന്ന് ചില ഖുർആൻ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്. പലരും ആ ധാരണയിൽ പെട്ടു പോയിട്ടുമുണ്ട്. എന്നാൽ പ്രായപൂർത്തിയായി ലൈംഗിക ബന്ധത്തിന് പാകമായിട്ടും ആർത്തവം ഉണ്ടാകാത്ത ഒരു ചെറിയ ശതമാനം സ്ത്രീകളുണ്ട്. അവരെയാണ് ഈ വചനത്തിൽ ഉദ്ദേശിച്ചതെന്നത് വ്യക്തമാണ്.
കാരണം ഇദ്ദയുടെ വിശദീകരണമാണല്ലോ ആയത്തിലുള്ളത്. ഇദ്ദ നിർബന്ധമാകുന്നത് ലൈംഗിക ബന്ധത്തിന് ശേഷം മാത്രമാണ്. ചെറിയ പെൺകുട്ടികൾക്ക് ഇദ്ദ ബാധകമല്ല. "വിശ്വസിച്ചവരെ, നിങ്ങൾ വിശ്വാസിനികളെ വിവാഹം കഴിക്കുകയും പിന്നീട് അവരെ സ്പർശിക്കും മുമ്പ് വിവാഹമോചനം നടത്തുകയും ചെയ്താൽ നിങ്ങൾക്കായി ഇദ്ദ ഇരിക്കേണ്ട ബാധ്യത അവർക്കില്ല. എന്നാൽ നിങ്ങളവർക്ക് ജീവിത വിഭവം നൽകി നല്ല നിലയിൽ അവരെ പിരിച്ചയക്കണം. ( സൂറ അൽ അഹ്സാബ് വചനം 49 ) അതിനാൽ പ്രസ്തുത സൂക്തം ശൈശവ വിവാഹത്തിന് തെളിവായി ഉദ്ദരിക്കാവതല്ല.
വിവാഹത്തെ സംബന്ധിച്ച് പരിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും വന്ന ശിക്ഷണങ്ങളുമായി ശൈശവ വിവാഹം ഒത്തുപോവുകയില്ല . വിശുദ്ധ ഖുര്‍ആന്‍ നാലാം അധ്യായത്തില്‍ പറയുന്നു: ''വിവാഹപ്രായമാകും വരെ അനാഥകളെ പരീക്ഷിച്ചു കൊണ്ടിരിക്കുക. അവര്‍ കാര്യപ്രാപ്തി കൈവരിച്ചതായി കണ്ടാല് അവരുടെ സ്വത്തുക്കള്‍ അവരെ ഏല്‍പിക്കുക''(4:6). വിവാഹത്തിനു നിയമപ്രകാരമുള്ള ഒരു പ്രായമുണ്ടെന്ന അടിസ്ഥാനത്തിലാണ് ഈ വാക്യത്തില്‍ അനാഥകളുടെ സ്വത്ത് തിരിച്ചേല്‍പിക്കാനുള്ള സമയം നിര്‍ണയിച്ചിട്ടുള്ളത്. പരിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഈ പ്രായപരിധി വിശദീകരിച്ചതിങ്ങനെയാണ്: പ്രായപൂര്‍ത്തിയായതിന്റെ ശാരീരിക ലക്ഷണങ്ങള്‍ പ്രകടമാവുകയോ അഥവാ പതിനഞ്ച് വയസ്സ് പൂര്‍ത്തിയാവുകയോ ചെയ്യുമ്പോഴാണ് വിവാഹപ്രായമാകുന്നത്. ഭൂരിപക്ഷം ഇങ്ങനെ പറയുമ്പോള്‍ ഇമാം അബൂഹനീഫ(റ) അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: ആണ്‍കുട്ടികള്‍ക്ക് പതിനെട്ട് വയസ്സും, പെണ്‍കുട്ടികള്‍ക്ക് പതിനേഴ് വയസ്സുമാണ് വിവാഹ പ്രായം അഥവാ പ്രായപൂർത്തി. പ്രായപൂർത്തിയെക്കുറിച്ച് കർമ്മശാസ്ത്ര പണ്ഡിതന്മാർക്ക് വേറെയും അഭിപ്രായങ്ങളുണ്ട്. (വിശദീകരണത്തിന് തഫ്സീർ അൽ ഖുർതുബി വാല്യം 5, പേജ് 35 കാണുക ).
പരിശുദ്ധ ഖുര്‍ആനിന്റെ ശിക്ഷണം ശൈശവ വിവാഹത്തെ അനുകൂലിക്കുന്നതല്ല എന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ.
ഇനി നബിചര്യയില്‍ ഇവ്വിഷയകമായി എന്തു നിര്‍ദ്ദേശമാണുള്ളതെന്ന് നോക്കാം. അക്കാലത്ത് അറേബ്യയില്‍ സ്ത്രീകള്‍ക്ക് വിവാഹക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ അവസരമുണ്ടായിരുന്നില്ല. രക്ഷിതാക്കള്‍ പറയുന്നതനുസരിക്കാനേ നിര്‍വാഹമുണ്ടായിരുന്നുള്ളു. സ്ത്രീകള്‍ക്ക് അവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും ഉണ്ടെന്ന വസ്തുത ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിനു ശേഷമാണ് അറേബ്യ അറിയുന്നത്. സ്ത്രീകളുടെ ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് ജീവിതപങ്കാളിയെ തീരുമാനിക്കുകയെന്നത്. തനിക്കിഷ്ടമില്ലാത്ത ഒരാളുടെ കൂടെ ജീവിത കാലം കഴിച്ചുകൂട്ടാന്‍ അവളെ നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അധികാരമില്ല. ഇതാണ് നബി (സ)പഠിപ്പിച്ചത്. തന്റെ ജീവിത പങ്കാളിയെ ഇഷ്ടപ്പെട്ട് സ്വീകരിക്കാനും ഇഷ്ടമില്ലെങ്കില്‍ തിരസ്‌കരിക്കാനും ഇസ്‌ലാം സ്ത്രീകള്‍ക്കവകാശം നല്‍കി. ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ്: ആഇശ(റ) പറഞ്ഞു: ''ഞാന്‍ നബിയോടു ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, വിവാഹക്കാര്യത്തില്‍ സ്ത്രീകളുടെ അനുവാദം ചോദിക്കേണ്ടതുണ്ടോ? 'ഉവ്വ്' എന്ന് നബി. ഞാന്‍ പറഞ്ഞു: കന്യകയോടു സമ്മതം ചോദിച്ചാല്‍ അവള്‍ നാണിച്ച് മിണ്ടാതിരിക്കും. അപ്പോള്‍ അവിടുന്ന് പ്രതിവചിച്ചു: ''അവളുടെ മൗനം അവളുടെ സമ്മതമാണ്.'' എന്നാല്‍ വിവാഹ മോചിതയോ വിധവയോ ആണെങ്കില്‍ സമ്മതം തെളിച്ചു പറയണം. വിവാഹക്കാര്യം അവളുമായി കൂടിയാലോചിക്കണം എന്നാണ് നബിയുടെ പ്രയോഗം.
വിവാഹത്തെപ്പറ്റി എന്തെങ്കിലും അഭിപ്രായം പറയണമെങ്കില്‍ പ്രായപൂര്‍ത്തിയാവണം. ശിശുക്കള്‍ക്ക് ഭര്‍ത്താവിന്റെ ഗുണദോഷങ്ങള്‍ അറിയില്ല. അവര്‍ സമ്മതിച്ചാലും ഇല്ലെങ്കിലും ഒരേ പോലെയാണല്ലോ. അതിനാല്‍ ഖുര്‍ആന്‍ പഠിപ്പിച്ച വിവാഹ പ്രായവും നബി പഠിപ്പിച്ച സമ്മതം ആവശ്യപ്പെടലും ഒരേ ആശയം തന്നെ. ഇസ്‌ലാമില്‍ വിവാഹത്തിന്റെ അനിവാര്യ ഘടകമാണിത്.
തന്റെ പുത്രി ഫാതിമ (റ) യെ തിരുമേനി അവരുടെ ഇരുപതാം വയസ്സിലാണ് അലിയ്യുബ്നു അബീതാലിബിന് വിവാഹം ചെയ്തു കൊടുത്തത്. മകളുടെ സമ്മതമാരാഞ്ഞ ശേഷമാണ് വിവാഹം നടത്തിയത്.
ആയിശ(റ) യുടെ വിവാഹ പ്രായം ചരിത്രത്തിലൂടെ
ഇനി ആഇശ(റ)യുടെ വിവാഹത്തെ സംബന്ധിച്ച് ചരിത്രപരമായ ഒരു പരിശോധന നടത്താം. ഹദീസുകളില്‍ വന്ന പ്രായം ശരിയോ തെറ്റോ എന്ന് മനസ്സിലാക്കാന്‍ ശരിയായ രീതി അതായിരിക്കാം. നബിക്ക് പ്രവാചകത്വം ലഭിച്ചത് 40 വയസ്സുള്ളപ്പോഴാണ്. ക്രി. 610 ല്‍ ആയിരുന്നു അത്. 13 വര്‍ഷം നബി മക്കയില്‍ പ്രബോധനം നടത്തി. ക്രി.623 ല്‍ മദീനയിലേക്ക് താവളം മാറ്റി. അവിടെ 10 വര്‍ഷം പ്രബോധന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. ക്രി.633 ല്‍ ആയിരുന്നു അവിടുത്തെ വിയോഗം. സ്ഥാപിതമായ ചരിത്രമാണിത്.
മദീനാ യാത്രയുടെ മൂന്ന് വര്‍ഷം മുമ്പാണ് നബി ആഇശ(റ)യെ വിവാഹം കഴിച്ചത്. അന്ന് ആഇശക്ക് 6 വയസ്സായിരുന്നെങ്കില്‍ അവരുടെ ജനനം ക്രി.614ല്‍ ആയിരിക്കുമല്ലോ. പ്രവാചകത്വം ലഭിച്ച് നാലു വര്‍ഷങ്ങള്‍ക്ക് ശേഷം. ഇത് ചരിത്ര വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യമാണ്.
ജ്യേഷ്ഠത്തി അസ്മാ(റ) ആഇശയെക്കാള്‍ 10 വയസ്സിനു മൂത്തവളാണെന്ന് ചരിത്രകാരന്മാരെല്ലാം രേഖപ്പെടുത്തുന്നു. മദീനാ പലായന സമയത്ത് അസ്മാ(റ)ക്ക് 27 വയസ്സായിരുന്നു. അതിനാല് നബിക്ക് പ്രവാചകത്വം ലഭിക്കുമ്പോള്‍ അസ്മാ(റ)ക്ക് 14 വയസ്സുണ്ടാകും. അന്ന് ആഇശ(റ) 4 വയസ്സുള്ള പെണ്‍കുട്ടിയായിരുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. അവര്‍ ജനിച്ചത് ക്രി. 614ല്‍ അല്ല 606 ലാണ്. ക്രി.621-ല്‍ നബി വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്ക് 15 വയസ്സ് കഴിഞ്ഞിരുന്നു. ഹിജ്‌റക്ക് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് നബി ആഇശയുമായി ദാമ്പത്യ ബന്ധം പുലര്‍ത്തുന്നത്. അന്നവര്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.
ചരിത്ര വസ്തുതകളുടെ വിശദമായ പഠനത്തിലൂടെ നമുക്കീ വിഷയത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കാം. അസ്മാ(റ)യുടെ പ്രായം ഉറപ്പ് വരുത്താനുതകുന്ന വിവരങ്ങളാണ് ആദ്യം പരിശോധിക്കേണ്ടത്. അവരുടെ പുത്രന്‍ അബ്ദുല്ല ബിന്‍ അസ്സുബൈര്‍(റ) രക്തസാക്ഷിയായത് ഹിജ്‌റ 73-ല്‍ ആയിരുന്നു. മകന്റെ മൃതദേഹം കണ്ട് ആശീര്‍വദിച്ച ചരിത്രം പ്രസിദ്ധമാണ്. ആ വര്‍ഷം തന്നെ അസ്മാ(റ) നിര്യാതയായി. മരിക്കുമ്പോള്‍ അവര്‍ക്ക് 100 വസ്സുണ്ടായിരുന്നുവെന്നതില്‍ ചരിത്രകാരന്മാരെല്ലം യോജിക്കുന്നു. അതിനാല്‍ ഹിജ്‌റയുടെ സമയത്ത് അവര്‍ക്ക് 27 വയസ്സായിരുന്നുവെന്നത് വ്യക്തമായി (100-73=
27). അന്ന് അനുജത്തി ആഇശക്ക് 17 വയസ്സ് (27-10=
17). അവര്‍ ജനിച്ചത് നുബുവ്വത്തിന് നാലുവര്‍ഷം മുമ്പാണെന്നും ഇതില്‍ നിന്ന് തെളിഞ്ഞു (17-13=4).
ഇനി ആഇശ(റ) നബുവ്വത്തിനു നാലു വര്‍ഷം മുമ്പ് ജനിച്ചതിന്റെ തെളിവുകള്‍ പരിശോധിക്കുക. ഇബ്ന്‍ ജരീര്‍ അത്ത്വബരി താരീഖുല്‍ ഉമമി വൽ മുലൂക് ( താരീഖുത്തബരി )എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തുന്നു: '' അബൂബക്കർ ഇസ്ലാമിന് മുമ്പ് ( ജാഹിലിയ്യ കാലത്ത് ) അബ്ദുൽ ഉസ്സായുടെ മകൾ ഖതീലയെ വിവാഹം ചെയ്തു. അവർ അബ്ദുല്ലാ, അസ്മാ എന്നീ സന്താനങ്ങൾക്ക് ജന്മം നൽകി. ഇസ്ലാമിന് മുമ്പ് തന്നെ അദ്ദേഹം ആമിറിന്റെ മകൾ ഉമ്മുറൂമാനെ വിവാഹം കഴിച്ചു. അവർ അബൂർ റഹ്മാൻ, ആയിശ എന്നീ മക്കൾക്ക് ജന്മം നൽകി. അബൂബക്‌റിന്റെ ഈ നാലുമക്കളും ഇസ്‌ലാമിന്റെ മുമ്പാണു ജനിച്ചത്.''(അത്തബരി വാല്യം 3, പേജ് 425-426)
ഇവിടെ തബരി അബൂബക്കർ രണ്ട് ഭാര്യമാരെയും ഇസ്ലാമിനു മുൻപ് വിവാഹം കഴിച്ചു എന്ന് പറഞ്ഞിട്ടുണ്ട്. അതിനാൽ വീണ്ടും ഇസ്ലാമിനു മുമ്പാണ് അവരെ വിവാഹം കഴിച്ചത് എന്ന് പറയുന്നത് അർത്ഥമില്ലാത്ത ആവർത്തനം ആയിരിക്കും. അതിനാൽ ഈ നാല് മക്കളും നാം പറഞ്ഞ ഭാര്യമാരിൽ നിന്ന് ഇസ്ലാമിനു മുൻപ് ജനിച്ചു എന്നു തന്നെയാണ് അദ്ദേഹം രേഖപ്പെടുത്തിയതിന്റെ അർത്ഥം.
ഇബ്നു ഇസ്ഹാഖ് തന്റെ വിഖ്യാതമായ നബിചരിതത്തിൽ ആദ്യകാലത്ത് ഇസ്ലാമിൽ വന്ന ആളുകളുടെ പേര് രേഖപ്പെടുത്തുന്നു: പിന്നീട് അറബ് ഗോത്രങ്ങളിൽ നിന്ന് കുറെ പേർ ഇസ്ലാം സ്വീകരിച്ചു. അവരിൽ പെട്ടവരാണ് സഈദ് ബ്നു സൈദ്, അദ്ദേഹത്തിൻ്റെ പത്നി ഫാത്തിമ ബിൻതുൽ ഖത്താബ്, അസ്മാ ബിൻത് അബീബക്ർ, ആയിശ ബിൻത് അബീബക്ർ - അവർ ചെറുപ്പമായിരുന്നു - തുടങ്ങിയവർ."
ഇബ്നു ഇസ്ഹാഖിൽ നിന്ന് ഒരു നിരൂപണവും നടത്താതെ ഇബ്നു അബീ ഖൈസമ അത്താരീഖുൽ കബീറിലും. ബൈഹഖി ദലാഇലുന്നുബവ്വയിലും, ഇബ്നു അബ്ദിൽ ബർറ് തന്റെ അദ്ദുറർ ഫിഖ്തിസാറിൽ മഗാസി വസ്സിയർ എന്ന ഗ്രന്ഥത്തിലും അൽ കലാഇ തന്റെ അൽ ഇക്തിഫാഇലും, ഇബ്നുകസീർ അൽ ബിദായ വന്നിഹായയിലും അൽ മുഖ്രീസി ഇംതാ ഉൽ അസ്മാഇലും ഉദ്ദരിച്ചിട്ടുണ്ട്.
രഹസ്യപ്രബോധന കാലത്ത് ഇസ്ലാമിൽ വന്ന ആളുകളെ കുറിച്ചാണ് ഇബ്നു ഇസ്ഹാഖ് ഇവിടെ പ്രതിവാദിക്കുന്നത് . ഇസ്ലാമിന്റെ ആരംഭകാലത്ത് മൂന്നു വർഷത്തോളം ഈ രഹസ്യ പ്രബോധന രീതി തുടർന്നു. അതിനു ശേഷം പരസ്യപ്രബോധനം നടത്താൻ തിരുമേനിക്ക് കൽപനയുണ്ടായി. ഇവിടെ ചെറിയ പെൺ കുട്ടിയായ ആയിശയുടെ പേർ രേഖപ്പെടുത്താനുള്ള പ്രചോദനം അവരുടെ പിതാവിന്റെ സ്ഥാനവും ജേഷ്ഠത്തി അസ്മയുടെ കൂടെ അവരെ ചേർത്ത് പറയുന്നതിന്റെ സാംഗത്യവുമാകാം.
ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു സംഭവമിങ്ങനെ: ആഇശ(റ) പറയുന്നു. ''എനിക്ക് ഓര്‍മ വെച്ച നാള്‍ മുതല്‍ മാതാപിതാക്കള്‍ ഇസ്‌ലാം സ്വീകരിച്ചവരായിരുന്നു. അന്ന് എല്ലാ ദിവസവും രാവിലെയും വൈകീട്ടും റസൂല്‍(സ) ഞങ്ങളുടെ വീട്ടില്‍ വരുമായിരുന്നു. മുസ്‌ലിംകള്‍ പീഡനത്തിനിരയായപ്പോള്‍ പിതാവ് അബൂബക്ര്‍ അബ്‌സീനിയായിലേക്ക് പലായനം ചെയ്യാനിറങ്ങി.''
കൊച്ചുകുട്ടികൾ മാതാപിതാക്കളുടെ മത വിശ്വാസത്തെപ്പറ്റി ബോധമുള്ളവരാവില്ല. നുബുവ്വത്തിന്റെ ആദ്യ വർഷങ്ങളിൽ തന്നെ ഇസ്ലാം സ്വീകരിച്ച കുടുംബമായിരുന്നു അബൂബക്കറിന്റേത്. അതിനാൽ ആയിശക്ക്ഇസ്ലാമിനെ ക്കുറിച്ച് മനസ്സിലാക്കാനുള്ള പക്വത ആദ്യകാലത്ത് തന്നെ ഉണ്ടെങ്കിലേ ഈ പ്രസ്താവനക്കർത്ഥമുള്ളൂ. ഞാൻ ജനിച്ചു വളർന്നത് ഇസ്ലാം മതാനുയായികളായ കുടുംബത്തിലാണ് എന്നല്ലല്ലോ പറഞ്ഞത്. ഇസ്ലാമും ജാഹിലിയ്യത്തും രണ്ടും താരതമ്യം ചെയ്യുന്ന ഒരു പ്രയോഗമാണ് മാതാപിതാക്കൾ ഇസ്ലാം സ്വീകരിച്ചവരായിരുന്നുവെന്നത്.
അബ്‌സീനിയായിലേക്ക് ആദ്യമായി പാലായനം നടത്തിയത് ദിവ്യ ബോധനം ലഭിച്ച് അഞ്ചാമത്തെ വര്‍ഷമാണ്. അന്ന് നടന്ന കര്യങ്ങളെല്ലാം കൃത്യമായി ഓര്‍ക്കാനുള്ള പ്രായമുണ്ടായിരുന്നു ആഇശക്കെന്ന് ഈ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്. ശരിയായ കണക്കില്‍ അന്നവര്‍ക്ക് ഒമ്പത് വയസ്സായിരിക്കണമല്ലോ.
വിശുദ്ധ ഖുര്‍ആനിലെ അമ്പത്തി നാലാം അധ്യായം അല്‍ഖമര്‍ അവതരിച്ചത് ആഇശ(റ) വ്യക്തമായി ഓര്‍ക്കുന്നു. താന്‍ കളിച്ച് നടക്കുന്ന പ്രായത്തിലായിരുന്നു അതെന്ന് അവര്‍ പറഞ്ഞതായി ബുഖാരി രേഖപ്പെടുത്തുന്നു. നുബുവ്വത്തിന്റെ അഞ്ചാം വര്‍ഷമാണ് പ്രസ്തുത അധ്യായം അവതരിച്ചതെന്നത് തഫ്സീറുകളിൽ കാണാം. ക്രി. 621-ല്‍ വിവാഹം നടന്ന സമയത്ത് അവര്‍ക്ക് ആറു വയസ്സാണെങ്കില്‍ ഈ അധ്യായം അവതരിച്ച സമയം അവര്‍ മുലകുടി കഴിഞ്ഞിട്ടില്ലാത്ത കൊച്ചു പെൺകുട്ടിയാണ് എന്നല്ലേ വരിക? നബുവ്വത്തിന് നാലുവര്‍ഷം മുമ്പ് ജനിച്ച അവര്‍ക്ക് അന്ന് ഒമ്പത് വയസ് പൂര്‍ത്തിയായിട്ടുണ്ടായിരുന്നു എന്നതാണ് വസ്തുത.
കല്യാണം അന്വേഷിക്കാന്‍ അനുവാദം ചോദിക്കാനെത്തിയ ഖൗല(റ), ആഇശ(റ)യെ വിശേഷിപ്പിച്ചത് കന്യക(ബിക്ര്‍) എന്നാണ്. ഭാര്യ മരിച്ചു പോയ ഒരാളുടെ വീട്ടില്‍ എല്ലാ അര്‍ഥത്തിലും ശൂന്യത നികത്താന്‍ പറ്റുന്ന ഒരു കുടുംബിനി! പ്രായപൂര്‍ത്തിയായ പെണ്ണിനാണ് ഈ വിശേഷണം ചേരുക (ആറു വയസ്സുകാരിയെ കുടുംബം നിയന്ത്രിക്കാൻ പറ്റില്ല എന്നതില്‍ രണ്ടു പക്ഷമില്ലല്ലോ). 15 വയസ്സായിട്ടും ആഇശ ചെറുപ്പമാണെന്ന് പറഞ്ഞാണ് നബി തിരുമേനി സൗദ(റ)യെ ആദ്യം അന്വേഷിക്കാന്‍ പറഞ്ഞതും അവരെ വിവാഹം ചെയ്തതും.
നബിക്ക് വേണ്ടി വിവാഹാര്‍ഥന നടത്തിയപ്പോള്‍ ആഇശ(റ)യെ മുത്ഇം ബ്ന് ജുബൈർ പുത്രന്‍ ജുബൈറിനായി അന്വേഷണം നടത്തിയിരുന്നതായി നാം കണ്ടു. ഇവിടെ രണ്ടു സാധ്യതകളുണ്ട്. സാധാരണയായി വിവാഹ പ്രായമെത്തിയാലാണ് ആലോചന നടക്കാറുള്ളത്. അല്ലെങ്കില്‍ ഇസ്‌ലാമിന്റെ മുമ്പ് സാധാരണമായിരുന്ന 'പറഞ്ഞുവെക്കല്‍' നബുവ്വത്തിന്റെ മുമ്പ് നടന്നതാവാം (അത് മകള്‍ ജനിക്കുന്നതിന്റെ മുമ്പാവില്ലല്ലോ). ആദർശപരമായ വിയോജിപ്പ് ശക്തമായ കാലമായിരുന്നതിനാൽ ഇസ്ലാമിന്റ മുമ്പാണ് ഈ കല്യാണം പറഞ്ഞു വെക്കൽ നടന്നതെന്ന് ധരിക്കുന്നതാവും ശരി. ആയിശ (റ) ഇസ്ലാമിന് മുമ്പു തന്നെ ജനിച്ചതാണെന്നല്ലേ ഇതിനർത്ഥം?
ഉമർ (റ) ഇസ്ലാമിൽ വരാൻ തിരുമേനി പ്രാർത്ഥിച്ചത് ആയി ശ (റ) റിപ്പോർട്ട് ചെയ്യുന്നു. ഹാകിം മുസ്തദ്റക് വാല്യം 3 പേജ് 83 അദ്ദേഹം ഇസ്ലാം സ്വീകരിച്ചത് പ്രവാചകത്വത്തിന്റെ ആറാം വർഷത്തിലാണ്. അതിനുമുമ്പാണ് തിരുമേനിയുടെ പ്രാർത്ഥന നടന്നിട്ടുള്ളത്. പ്രവാചകത്വത്തിന് നാല് വർഷത്തിനുശേഷം ജനിച്ച ആയിശക്ക് അന്ന് മുലകുടി മാറിയിട്ടുണ്ടാവില്ല. യഥാർത്ഥത്തിൽ നുബുവ്വത്തിനു 4 വർഷം മുമ്പ് ജനിച്ചതിനാലാണ് ഇതെല്ലാം അവർക്ക് ഓർക്കാൻ സാധിക്കുന്നത് .
ഉഹ്ദിൽ രണാങ്കണത്തില്‍ സൈനികര്‍ക്ക് സേവനം ചെയ്ത ഉമ്മുസുലൈം, ഉമ്മുഅമ്മാറ എന്നിവര്‍ക്കൊപ്പം ആഇശ(റ)യും ഉണ്ടായിരുന്നു. പത്ത് വയസ്സുകാരിക്ക് യുദ്ധക്കളത്തില്‍ സേവനം ചെയ്യാനാവില്ല. അനസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ആഇശ(റ) വെള്ളം നിറച്ച ആട്ടിന്‍ തോല്‍ ചുമലില്‍വെച്ച് പരിക്കേറ്റ സൈനികര്‍ക്ക് ദാഹ ജലം നല്‍കാന്‍ ഓടുന്നത് വിവരിച്ചിട്ടുണ്ട്. ഓടാന്‍ വേണ്ടി പാവാട മാടിക്കുത്തിയതിനാല്‍ കാലിലെ തളകള്‍ കാണാമായിരുന്നുവെന്ന് അദ്ദേഹം വിവരിക്കുന്നു. ആട്ടിന്‍ തോല്‍ നിറയെ വെള്ളം നിറച്ച് പൊക്കാന്‍ നല്ല ശക്തി വേണം. അത് ചുമന്ന് ഓടാന്‍ ഒമ്പതോ പത്തോ വയസ്സുള്ള കട്ടികള്‍ക്കാവില്ല.
ഖൌല ബിൻത് ഹക്കീം തിരുമേനി സ്വല്ലല്ലാഹു അലൈഹിവസല്ലമയോട് വിവാഹത്തെക്കുറിച്ച് പറയുന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്ത ഹദീസുകൾ ആയിശ റളിയള്ളാഹു അൻഹയാണ് നിവേദനം ചെയ്യുന്നത്. ആറു വയസ്സ് പ്രായമുള്ള കാലത്ത് ഇത്തരം ചർച്ചകൾ എല്ലാം കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യാൻ ഒരു പെൺകുട്ടിക്ക് സാധിക്കുകയില്ല. ഈ സംഭവം നടന്ന ഉടനെ തിരുമേനി വിവാഹം കഴിക്കുന്നത് സൗദ എന്ന വരെയാണ്. പിന്നീടാണ് ആയിശ (റ ) യെ വിവാഹം കഴിക്കുന്നത്. അപ്പോൾ 5 വയസ്സ് ആകുമ്പോൾ തന്നെ ആയിശ (റളിയള്ളാഹു അൻഹ,) റിപ്പോർട്ട് ചെയ്തു തുടങ്ങി എന്ന് പറയേണ്ടിവരും.
ചുരുക്കത്തില്‍, ആഇശ(റ)യെ നബി ആറാം വയസ്സില്‍ നികാഹ് ചെയ്തുവെന്നും ഒമ്പതാം വയസ്സില്‍ വീട്ടില്‍ കൂടിയെന്നും പറയുന്നത് ചരിത്ര യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണ്. ഇതിന്നവലംബമായി വന്ന ഹദീസുകള്‍ വിശ്വാസ യോഗ്യമാവാന്‍ നിവൃത്തിയില്ല. ഇങ്ങനെയുള്ള ഹദീസ് ബുഖാരിയിലും മുസ്‌ലിമിലും എങ്ങനെ കടന്നുകൂടിയെന്നത് പരിശോധിക്കേണ്ടതുണ്ട്.
തിരുമേനിയുടെ വിവാഹം കഴിഞ്ഞ് 184 വർഷത്തിനു ശേഷമാണ് ഈ ഹദീസുകൾ റിപ്പോർട്ടു ചെയ്യുന്നത്. മഹതി ആയിശയെ ബോധപൂർവ്വം അപകീർത്തി പ്പെടുത്തുന്ന പ്രയോഗങ്ങളാണ് ഈ നിവേദനങ്ങളിൽ. ഹദീസുകൾ റിപ്പോർട്ട് ചെയ്യുന്നതിലും ഇസ്ലാമിക കർമ്മ ശാസ്ത്രം വിശദീകരിക്കുന്നതിലും അഗ്രഗണ്യയായ ആ തരുണീ രത്നത്തെ സ്ഥാപിത താൽപര്യക്കാർ ആരോ വില കുറച്ച് കാണിക്കാൻ ശ്രമിച്ചു. അതിനവർ ഉപയോഗപ്പെടുത്തിയത് അവരിൽ നിന്ന് ധാരാളം ഹദീസുകൾ റിപ്പോർട്ട് ചെയ്ത ഒരു പരമ്പരയെ തന്നെയാവാം.
നബിക്ക് സിഹ്ര്‍ ബാധിച്ചു എന്ന് ആഇശ(റ) പറയുന്നതും ഇതേ പരമ്പരയിലൂടെ റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ്. ആദ്യകാലത്ത് നിരാക്ഷേപം സ്വീകരിക്കപ്പെട്ട പരമ്പരയായതിനാല്‍ ബുഖാരിയും മുസ്‌ലിമും മറ്റും ഇത് വിശ്വസനീയമാണെന്ന് ധരിച്ച് വശായതാവാം .
റിപ്പോർട്ട് പരമ്പര സ്വീകാര്യമാണെങ്കിലും നാം ഉദ്ധരിച്ച ചരിത്ര യാഥര്‍ഥ്യങ്ങള്‍ക്ക് വിരുദ്ധമാണ് എന്നതു മാത്രം മതി ഈ ഹദീസുകളുടെ ഉള്ളടക്കം വ്യാജമാണെന്നതിന്റെ തെളിവായി. ഹദീസിന്റെ പ്രാമാണികത നിര്‍ണ്ണയിക്കാന്‍ റിപ്പോര്‍ട്ട് പരമ്പരയോടൊപ്പം ഉള്ളടക്കവും പരിശോധിക്കണം. പരിശുദ്ധ ഖുര്‍ആനിന്റെയും സ്ഥാപിതമായ സുന്നത്തിന്റെയും ശിക്ഷണങ്ങള്‍ക്കും വിരുദ്ധമാണ് ഉള്ളടക്കം. വിവാഹപ്രായം ഖുര്‍ആന്‍ ഒരടിസ്ഥാനമായി പഠിപ്പിച്ചതാണ്. സ്ത്രീയുടെ സമ്മതത്തോടെ മാത്രമേ അവളെ വിവാഹം ചെയ്തു കൊടുക്കാവൂ എന്നത് പ്രവാചകന്‍ ഊന്നിപ്പറഞ്ഞ കാര്യമാണ്.
വസ്തുതകള്‍ വിശദമായി പഠിച്ചാല്‍ നമുക്ക് എത്തിച്ചേരാവുന്ന നിഗമനമിതാണ്: ആഇശ(റ)യെ നബി(സ) വിവാഹം കഴിച്ചത് 15 വസ്സുള്ളപ്പോഴാണ്. 18 വയസ്സ് പൂര്‍ത്തിയായ ശേഷമാണ് അവരുമായി നബി ദാമ്പത്യബന്ധത്തിലേര്‍പ്പെട്ടത്. 27 വയസ്സുവരെ ആ ദാമ്പത്യ ബന്ധം തുടര്‍ന്നു.
അവരുടെ മടിയില്‍ കിടന്നാണ് നബി തിരുമേനി അന്ത്യശ്വാസം വലിച്ചത്. ഇസ്‌ലാമിക ചരിത്രത്തില്‍ മായാത്ത മുദ്രകള്‍ പതിച്ച് ഹിജ്‌റ 58-ാം വര്‍ഷം ആ സാധ്വി അല്ലാഹുവിലേക്ക് യാത്രയായി. അന്നവര്‍ക്ക് 73 വയസ്സായിരുന്നു. അല്ലാഹുവിന്റെ കരുണാകടാക്ഷം അവരില്‍ എന്നെന്നും ഉണ്ടാകുമാറാകട്ടെ. ആമീന്‍!
URL:
https://newageislam.com/malayalam-section/controversy-marriage-ummul-mumineen-hazrat-ayesha/d/128528
New Age Islam, Islam Online, Islamic
Website, African Muslim News, Arab World News, South Asia News, Indian Muslim News, World Muslim News, Women in Islam, Islamic Feminism, Arab Women, Women In Arab, Islamophobia in America, Muslim Women in West, Islam Women and Feminism